പുലി നഖം ലോക്കറ്റാക്കി; കന്നഡ ബിഗ്ബോസ് മത്സരാർഥി അറസ്റ്റിൽ
Monday, October 23, 2023 5:24 PM IST
ബംഗുളൂരു: പുലിനഖം ലോക്കറ്റാക്കിയ മാല ധരിച്ച കന്നഡ ബിഗ്ബോസ് മത്സരാർഥി അറസ്റ്റിൽ. വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ബിഗ് ബോസ് വേദിയിൽ നിന്ന് വനംവകുപ്പ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
ബിഗ്ബോസ് ഷോയ്ക്കിടെയാണ് ഇയാളുടെ കഴുത്തിൽ പുലിനഖം ലോക്കറ്റാക്കിയ മാല ശ്രദ്ധയിൽപ്പെട്ടത്. പരിപാടിയുടെ പ്രേക്ഷകരിൽ ചിലരാണ് ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിനു പരാതി നൽകിയത്.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മത്സരവേദിയിലെത്തി മാല നൽകാൻ ആവശ്യപ്പെട്ടു. മാല വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിലുണ്ടായിരുന്നത് യഥാർഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.