ടോള്‍ പ്ലാസ പ്രതിഷേധത്തില്‍ കേസെടുത്ത സംഭവം; ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് ടി.എന്‍.പ്രതാപന്
Sunday, October 22, 2023 1:12 PM IST
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ പ്രതിഷേധത്തില്‍ പോലീസ് കേസെടുത്ത സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് ടി.എന്‍.പ്രതാപന് എംപി. കേസിനെ ഭയപ്പെട്ട് പിന്നോട്ട് മാറില്ലെന്നും എംപി പ്രതികരിച്ചു.
ജനപ്രതിനിധി എന്ന നിലയില്‍ തന്റെ മണ്ഡലത്തിലെ ടോള്‍ പ്ലാസ അധികൃതരെ കാണാന്‍ ചെന്നപ്പോള്‍ പോലീസ് തടഞ്ഞു. പോലീസ് എംപിയുടെ പ്രിവിലേജ് ലംഘിച്ചു. സംഭവത്തില്‍ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് എംപി പറഞ്ഞു.
പാലിയേക്കര ടോള്‍ പ്ലാസ പ്രതിഷേധത്തില്‍ എംപിമാരായ ടി.എന്‍ പ്രതാപന്, രമ്യാ ഹരിദാസ്, മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 145 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ടോള്‍ ഗേറ്റിന് ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന ടോള്‍ പ്ലാസ അധികൃതരുടെ പരാതിയിലാണ് നടപടി. പാലിയേക്കരയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകാതെ ജനങ്ങളില്‍നിന്ന് ടോള്‍ പിരിച്ചെന്ന് ഇഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് തൃശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്.