ഗാസയിൽ ബോംബാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ
Sunday, October 22, 2023 2:49 AM IST
ഗാസ സിറ്റി: ഗാസയിൽ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം. ഈജിപ്തിൽനിന്ന് റാഫ അതിർത്തിവഴി ഗാസയിലേക്ക് സഹായവുമായി ട്രക്കുകൾ പ്രവേശിച്ചതിനു പിന്നാലെയാണ് അറിയിപ്പുണ്ടായിരിക്കുന്നത്.
ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം നടത്തിയ ഹമാസിനെതിരെ ആരംഭിച്ച യുദ്ധം അതിന്റെ അടുത്ത ഘട്ടത്തിൽ ഗാസയിൽ പ്രവേശിക്കുമ്പോൾ തങ്ങളുടെ സൈന്യം അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു.
സൈന്യത്തിന്റെ ലക്ഷ്യങ്ങൾ മാറിയിട്ടില്ലെന്ന് സേനാ വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹാഗാരി വ്യക്തമാക്കി. ഹമാസിനെതിരായ യുദ്ധം തുടരുകയാണ്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് തയാറായിക്കഴിഞ്ഞുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്ക, ഇസ്രയേൽ, ഈജിപ്ത്, ഐക്യരാഷ്ട്രസഭ എന്നിവർ ഒരാഴ്ച നടത്തിയ ഊർജിത ചർച്ചയ്ക്കൊടുവിലാണ് ഗാസയിൽ സഹായം എത്തിച്ചേർന്നത്.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം നേരിടുന്ന 23 ലക്ഷം പലസ്തീൻ ജനതയ്ക്ക് 20 ട്രക്ക് സഹായം ഒട്ടുംതന്നെ പര്യാപ്തമല്ല. യുദ്ധം തുടങ്ങുന്നതിനു മുന്പേ പ്രതിദിനം നൂറുകണക്കിനു ട്രക്ക് സഹായവസ്തുക്കൾകൊണ്ടാണ് ഗാസ പിടിച്ചുനിന്നിരുന്നത്.
അടുത്തഘട്ട സഹായം എന്നു ഗാസയിലെത്തിച്ചേരുമെന്നതിൽ വ്യക്തതയില്ല. സഹായവസ്തുക്കൾ ഹമാസിന്റെ പക്കൽ എത്തിച്ചേർന്നിട്ടില്ലെന്നതിനു തെളിവു ലഭിച്ചാലേ അടുത്തഘട്ട സഹായം അനുവദിക്കൂ എന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.