പാലിയേക്കര ടോള്‍ പ്ലാസ പ്രതിഷേധം; കോൺഗ്രസ് എംപിമാര്‍ക്കെതിരേ കേസെടുത്തു
Saturday, October 21, 2023 3:10 PM IST
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ പ്രതിഷേധത്തില്‍ എംപിമാര്‍ക്കെതിരേ പോലീസ് കേസെടുത്തു. എംപിമാരായ ടി.എന്‍ പ്രതാപന്, രമ്യാ ഹരിദാസ്, മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 145 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ടോള്‍ ഗേറ്റിന് ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന ടോള്‍ പ്ലാസ അധികൃതരുടെ പരാതിയിലാണ് നടപടി. പാലിയേക്കരയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകാതെ ജനങ്ങളില്‍നിന്ന് ടോള്‍ പിരിച്ചെന്ന് ഇഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് തൃശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. അഴിമതി തടയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ടോള്‍ വളയല്‍ സമരത്തിനിടെ പോലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ രണ്ട് മണിക്കൂറോളം മുഴുവന്‍ ടോള്‍ ഗേറ്റുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്നിട്ടിരുന്നു.
ഇതിനിടെ മുന്‍ എംഎല്‍എ അനില്‍ അക്കര, ടി.എന്‍.പ്രതാപന് എംപി എന്നിവര്‍ക്ക് പരിക്കേറ്റുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
നേതാക്കളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജയും റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്റെയും നേരിട്ടെത്തി ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് കെസെടുത്തത്.