ഇസ്രയേലിനെതിരേ വിദ്വേഷ പരാമര്‍ശം; സിറ്റിബാങ്ക് ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി
Friday, October 20, 2023 3:48 PM IST
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിൽ ഇസ്രയേലിനെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി സിറ്റിബാങ്ക്.
ന്യൂയോർക്കിലെ വാൾസ്ട്രീറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്ന നോസിമ ഹുസൈനോവ(25) എന്ന യുവതിയാണ് ഇസ്രയേല്‍-ഹമാസ് വിഷയത്തില്‍ ഹിറ്റ്ലര്‍ ജൂതര്‍ക്കെതിരേ നടത്തിയ കൂട്ടക്കൊലയെ പുകഴ്ത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.
''എന്തുകൊണ്ട് ഹിറ്റ്ലര്‍ ജൂതരെയെല്ലാം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാനാഗ്രഹിച്ചു എന്നതില്‍ അദ്ഭുതം തോന്നുന്നില്ല'' എന്നായിരുന്നു ഹുസൈനോവയുടെ വിദ്വേഷ പ്രസ്താവന.
സ്റ്റോപ്പ് ആന്റിസെമിറ്റിസം എന്ന എക്സ് അക്കൗണ്ടില്‍ ഹുസൈനോവയുടെ പ്രസ്താവനയുടെ സ്ക്രീന്‍ഷോട്ട് പങ്കുവയ്ക്കപ്പെട്ടതോടെ ഇവര്‍ക്കെതിരേ വന്‍ പ്രതിഷേധമുയരുകയായിരുന്നു.
വിദ്വേഷ പ്രസ്താവന ചർച്ചയായപ്പോൾ തന്നെ വാൾ സ്ട്രീറ്റ് ബാങ്കിന്റെ മാതൃസ്ഥാപനമായ സിറ്റിബാങ്ക് യുവതിക്കെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
യഹൂദവിരുദ്ധതയെയും മറ്റു വിദ്വേഷങ്ങളെയും ഒരു വിധത്തിലും പൊറുക്കില്ലെന്ന വ്യക്തമാക്കിയ സിറ്റിഗ്രൂപ്പ്, ഹുസൈനോവയെ പുറത്താക്കിയതായി പിന്നീട് അറിയിക്കുകയായിരുന്നു.
വിദ്വേഷം പ്രചരിപ്പിച്ച ജീവനക്കാരിക്കു നേരെ നടപടിയെടുത്തതില്‍ സ്റ്റോപ്പ് ആന്റിസെമിറ്റിസം ഗ്രൂപ്പ് ബാങ്കിന് നന്ദിയറിയിക്കുകയും ചെയ്തു. ഇവരെക്കൂടാതെ നിരവധി എക്സ് ഉപയോക്താക്കളും ഇക്കാര്യത്തില്‍ ബാങ്കിനെ അഭിനന്ദിച്ചു.