മഹാരാഷ്ട്രയിലെ കൂടത്തായി മോഡൽ; ഒരുമാസത്തിനിടെ കൊല ചെയ്തത് ഒരു കുടുംബത്തിലെ അഞ്ചുപേരെ
Friday, October 20, 2023 12:32 PM IST
മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൊലപാതകം. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെ ഗഡ്ചിറോളി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് ഒരു മാസത്തിനിടെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ ബന്ധുക്കളായ രണ്ടു യുവതികൾ പിടിയിലായി. പതിയേ മരണത്തിലേക്കു തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തിൽ കലർത്തിയാണ് കൊലപാതകങ്ങളെന്നു പോലീസ് അറിയിച്ചു.
ഗാർഹിക പീഡനവും സ്വത്തുതർക്കവുമാണ് കൊലപാതകത്തിനു കാരണം.
പ്രതികളായ സംഘമിത്ര കുംഭാരെ (22), റോസ രാംടെകെ (36) എന്നിവരാണ് അറസ്റ്റിലായത്.
സംഘമിത്രയുടെ ഭർത്താവ് റോഷൻ, അയാളുടെ അച്ഛൻ ശങ്കർ, അമ്മ വിജയ, സഹോദരി കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭർതൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ.
വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ റോഷനെ വിവാഹം കഴിച്ച സംഘമിത്രയ്ക്ക് ഭർതൃവീട്ടിൽ നിന്ന് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്നും ഇത് സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നും ഇവർ പോലീസിനോടു പറഞ്ഞു.
സംഘമിത്രയുടെ ദുരിതം കണ്ട് അച്ഛൻ ജീവനൊടുക്കിയതും അവർക്ക് വലിയ ആഘാതമായി. സ്വന്തം വീട്ടിലേക്ക് മടങ്ങാനും ഭർതൃവീട്ടിൽ തങ്ങാനും കഴിയാതെ വന്നതോടെയാണ് എല്ലാവരെയും വകവരുത്താൻ തീരുമാനിച്ചത്.
ഭർതൃവീട്ടിൽ വച്ച് മർദനമേറ്റ സംഘമിത്ര കരയുന്നത് ഒരിക്കൽ ശ്രദ്ധയിൽപെട്ട ബന്ധുവായ റോസ രാംടെകെ വിവരം തിരക്കിയിരുന്നു. ദുരിതകഥ സംഘമിത്ര അവരോടു പങ്കുവച്ചു.
കൊല്ലപ്പെട്ട കുടുംബവുമായി സ്വത്ത് തർക്കമുണ്ടായിരുന്ന റോസയാണ് സംഘമിത്രയെ പ്രതികാരത്തിനു പ്രേരിപ്പിച്ചത്. തുടർന്ന് ഒരു മാസമായി നടത്തിയ തയാറെടുപ്പുകൾക്കു ശേഷമാണ് ഇരുവരും ചേർന്ന് അഞ്ചു പേരെയും വകവരുത്താൻ തീരുമാനിച്ചത്.
എങ്ങനെ കൊലപാതകം നടത്താമെന്ന് ഗൂഗിളിൽ തിരഞ്ഞ ഇവർ വിഷമുള്ള പൂക്കൾ ഓൺലൈനിലൂടെ വാങ്ങി കൃത്യം നിർവഹിക്കാനാണ് ആദ്യം പദ്ധതിയിട്ടത്.
എന്നാൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന തോന്നലിനെത്തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഗൂഗിളിൽ നിന്നു തന്നെയാണ് താലിയം ഭക്ഷണത്തിൽ കലർത്തി കൊലപ്പെടുത്താനുള്ള ആശയം ലഭിച്ചത്. അയൽസംസ്ഥാനമായ തെലുങ്കാനയിൽ നിന്നാണ് താലിയം സംഘടിപ്പിച്ചത്.
കുടുംബത്തിലെ ഓരോ അംഗങ്ങളും ഒന്നിനു പിന്നാലെ മറ്റൊന്നായി വിഷബാധയേറ്റ് മരിച്ചപ്പോൾ സംഘമിത്രയ്ക്ക് മാത്രം കാര്യമായ പ്രശ്നങ്ങൾ കാണാതെ വന്നതോടെയാണ് പോലീസിന്റെ സംശയമുന ഇവരിലേക്ക് തിരിഞ്ഞത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.