ഇസ്രയേൽ ലക്ഷ്യമായെത്തിയ ഹൂതി മിസൈലുകൾ തകർത്ത് യുഎസ് യുദ്ധക്കപ്പൽ
Friday, October 20, 2023 11:04 AM IST
വാഷിംഗ്ടൺ: ഇസ്രയേൽ ലക്ഷ്യമാക്കിയെത്തിയ മിസൈലുകൾ തകർത്ത് യുഎസ് യുദ്ധക്കപ്പൽ. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈലുകളാണ് വടക്കൻ ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് കാർണി തകർത്തത്.
പശ്ചിമേഷ്യയിൽ ഒരു യുഎസ് നേവി കപ്പൽ അതിനെ നേരിട്ട് ലക്ഷ്യമിടാത്ത മിസൈലുകൾക്കും ഡ്രോണുകൾക്കുമെതിരെ പ്രതിരോധ നടപടിയെടുക്കുന്നത് സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. നിലവിലെ പ്രതിസന്ധിയിൽ ഇസ്രയേലിനെ സംരക്ഷിക്കാൻ യുഎസ് സൈനിക ഇടപെടലിന്റെ ആദ്യ ഉദാഹരണം കൂടിയാണിത്.
യെമനിൽ നിന്ന് ഹൂതികൾ വിക്ഷേപിച്ച മൂന്ന് ലാൻഡ് അറ്റാക്ക് മിസൈലുകളും ഒന്നിലധികം ഡ്രോണുകളും യുഎസ്എസ് കാർണി വിജയകരമായി തടഞ്ഞുവെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡ് ജനറൽ പാറ്റ് റൈഡർ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
പ്രാദേശിക പങ്കാളികളെയും രാജ്യതാത്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി പശ്ചിമേഷ്യയിൽ
സ്ഥാപിച്ചിട്ടുള്ള യുഎസിന്റെ സംയോജിത വ്യോമ, മിസൈൽ പ്രതിരോധ ശേഷി പ്രകടമാക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലും ഹമാസും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷം ഇല്ലാതാക്കാൻ യുഎസും മറ്റ് രാജ്യങ്ങളും പ്രവർത്തിക്കുമ്പോൾ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നത് പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കാനാണ് സാധ്യത.
ഹൂതി മിസൈലുകളുടെയും ഡ്രോണുകളുടെയും ലക്ഷ്യസ്ഥാനം കൃത്യമായി പറയാനാവില്ലെങ്കിലും യെമനിൽ നിന്ന് വിക്ഷേപിക്കുകയും ചെങ്കടലിലൂടെ വടക്കോട്ട് നീങ്ങുകയും ചെയ്ത ഇവ ഇസ്രയേലിനെത്തന്നെയാകാം ലക്ഷ്യമിട്ടതെന്നും പെന്റഗൺ അറിയിച്ചു.
വടക്കൻ യെമനിൽ കാര്യമായ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന ഇറാന്റെ പിന്തുണയുള്ള ഷിയാ സംഘമാണ് ഹൂതി തീവ്രവാദികൾ. 2015 മുതൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി അവർ സംഘർഷത്തിലാണ്.
ഈ സംഘർഷത്തിനിടയിൽ, ഹൂതികൾ സൗദിയിലേക്ക് മിസൈലുകളും ഡ്രോണുകളും ഇടയ്ക്കിടെ വിക്ഷേപിക്കാറുണ്ട്. എന്നാൽ യുഎസ് തകർത്ത മിസൈലുകൾ സൗദി ലക്ഷ്യമിട്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
നേരത്തെ, ഗാസ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെട്ടാൽ, മറ്റ് സൈനിക നടപടികൾക്കൊപ്പം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചുകൊണ്ട് തന്റെ സംഘം പ്രതികരിക്കുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലെക് അൽ ഹൂത്തി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
സിറിയയിലെയും ഇറാക്കിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങളുടെ ഒരു പരമ്പരയ്ക്കിടയിലാണ് ഈ സംഭവം നടക്കുന്നത്. ഇത് മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാക്കുന്നു.