കേരളത്തിന്റെ കായികമേഖലയുടെ പ്രതാപം തിരിച്ചു പിടിക്കുമെന്ന് പിണറായി; ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം
Thursday, October 19, 2023 10:34 PM IST
തിരുവനന്തപുരം: ഒളിന്പിക്സ് അടക്കമുള്ള വേദികളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ചരിത്രമുള്ള കേരളത്തിന്റെ കായികമേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമഗ്ര കായിക നയം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങളേയും മെഡല്‍ ജേതാക്കളേയും പരിശീലകരേയും ആദരിക്കുന്നതിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
10 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളും ഗെയിംസിൽ പങ്കെടുത്ത 33 താരങ്ങളും പരിശീലകരും ആദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ യശസ് ആഗോളതലത്തിൽ ഉയർത്തിയവരാണ് കായിക താരങ്ങളെന്നും ഇതുവഴി നമ്മുടെ നാടിന്റെ കായികമേഖലയെ കുറിച്ചു മാത്രമല്ല, നമുക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന മറ്റെല്ലാ മേഖലകളെക്കുറിച്ചും ലോകം അറിയുന്ന സ്ഥിതിവന്നു.
ഈ നിലയില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഏഷ്യന്‍ ഗെയിംസ് താരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക താരങ്ങളെ എപ്പോഴും അനുഭാവപൂര്‍വം പരിഗണിച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 703 കായിക താരങ്ങള്‍ക്കാണ് സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വാട്ട മുഖേന നിയമനം നല്‍കിയതെന്നും പിണറായി പറഞ്ഞു.
ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജി. ആര്. അനില്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്, പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, പ്രൊഫ. ആര്. ബിന്ദു, ആന്റണി രാജു, ജെ. ചിഞ്ചു റാണി, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി.
കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, കായിക യുവജനകാര്യാലയം ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഐഎഎസ്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, സായ് എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.