ഗാസയിലെ കുട്ടികളുടെ ജീവിതം ബോംബുകൾക്ക് നടുവിൽ തീരരുത്; പലസ്തീനായി 2.5 കോടി രൂപ സംഭാവന നൽകി മലാല
Wednesday, October 18, 2023 6:28 PM IST
ഗാസ: ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പേര് കൊല്ലപ്പെട്ട സംഭവം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ നിഷേധിച്ചെങ്കിലും ഇസ്രയേലിനെതിരേ ശക്തമായ പ്രതിഷേധവുമായി ഖത്തറും സൗദിയുമടക്കമുള്ള അറബ്-മുസ്ലിം രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തു വരികയാണുണ്ടായത്.
നിരവധി കുട്ടികളും വയോധികരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗതെത്തിയിരിക്കുകയാണ് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി.
'' ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നടന്ന ബോംബാക്രമണം എന്നെ ഭയചകിതയാക്കുന്നു. സംഭവത്തില്‍ സംശയമേതുമില്ലാതെ അപലപിക്കുന്നു'' മലാല വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
''ഇസ്രയേല്‍,പലസ്തീന് എന്നു മാത്രമല്ല സമാധാനത്തിനായി വിലപിക്കുന്ന ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള ആളുകളോട് ഞാനെന്റെ ശബ്ദം കൂട്ടിച്ചേര്‍ക്കുന്നു. ഗാസയിലെ ജനസംഖ്യയില്‍ പകുതിയും 18 വയസില്‍ താഴെയുള്ള ആളുകളാണ്. അവരുടെ ശേഷിക്കുന്ന ജീവിതം ബോംബുകള്‍ക്കു നടുവിലും നീതിരഹിതമായ തൊഴിലിലും തീരേണ്ടതല്ല'' മലാല കൂട്ടിച്ചേര്‍ത്തു.
ഗാസയിലേക്ക് മാനുഷിക സഹായം നല്കാൻ അനുവദിക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട മലാല, പലസ്തീന് ജനതയെ സഹായിക്കുന്ന മൂന്നു ചാരിറ്റികള്‍ക്കായി താന്‍ 300,000ഡോളര്‍(2.5 കോടി രൂപ) സംഭാവന നല്‍കിയതായും അറിയിച്ചു. അതോടൊപ്പം ഇത്തരത്തിലുള്ള ചാരിറ്റികള്‍ക്ക് സഹായം നല്കാന് ആളുകളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.