നീയൊക്കെ തെണ്ടാന്‍ പോ : പോലീസ് തടഞ്ഞ ദേഷ്യം മാധ്യമങ്ങളോട് തീര്‍ത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
Wednesday, October 18, 2023 11:35 AM IST
തിരുവനന്തപുരം: യുഡിഎഫിന്റെ ഉപരോധസമരത്തിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തനെ പോലീസ് തടഞ്ഞു. ആളറിയാതെ പോലീസ് തടഞ്ഞ ഇദ്ദേഹത്തിന് ബാരിക്കേഡിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു.
ഈ സമയം, ദത്തന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നത് മാധ്യമപ്രവര്‍ത്തകരാണ് പോലീസിനോട് പറഞ്ഞത്. അമളി മനസിലാക്കിയ മുതിര്‍ന്ന പോലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടു.
എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് "നീയൊക്കെ തെണ്ടാന്‍ പോ' എന്നായിരുന്നു ദത്തന്റെ പ്രതികരണം. "എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് "നീയൊക്കെ തെണ്ടാന്‍ പോ' എന്ന് ക്ഷുഭിതനായി ദത്തന് മറുപടി പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേറെ പണിയില്ലെ എന്നും ഇദ്ദേഹം അരിശത്തോടെ തിരക്കി. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.
അതേ സമയം, റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധസമരം പുരോഗമിക്കുകയാണ്.
അഞ്ച് മണിക്കൂര്‍ പിന്നിട്ട ഉപരോധ സമരത്തില്‍ തിരുവനന്തപുരം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ്. എംസി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പാളയം - കിഴക്കേക്കോട്ട റൂട്ടില്‍ വാഹനങ്ങള്‍ പോകുന്നില്ല.
എംജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു.