പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില് പന്പാ നദിയിൽ കണ്ടെത്തി
Wednesday, October 18, 2023 2:10 AM IST
പത്തനംതിട്ട: പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില് കണ്ടെത്തി. വടശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജി(23)യുടെ മൃതദേഹമാണ് പന്പാനദിയിൽ, ആറന്മുള സത്രക്കടവിൽ കണ്ടെത്തിയത്.
ഈ മാസം ഒന്നിന് വൈകുന്നേരം സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപ്പോയ സംഗീതിനെ പിന്നീട് കാണാതാകുകയായിരുന്നു.
രാത്രി വൈകിയും തിരികെ വരാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോൺ എടുത്തില്ല.
ഇടത്തറ ഭാഗത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ നിർത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു.
സംഗീതിനെ പോലീസും ഫയർഫോഴ്സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സംഗീതിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം എസ്പിക്ക് പരാതി നൽകിയിരുന്നു.