ഹൈദരാബാദ്: 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉൾപ്പടെയുള്ള വാ​ഗ്ദാനങ്ങളുമായി തെലങ്കാനയിൽ ബിആർഎസ് പ്രകടനപത്രിക ഇറക്കിയതിന് പിന്നാലെ വധുക്കൾക്ക് സ്വർണമടക്കം നൽകുമെന്ന വാഗ്ദാനവുമായി കോൺ​ഗ്രസ്.

അർഹതപ്പെട്ട വധുക്കൾക്ക് പത്ത് ​ഗ്രാം വീതം സ്വർണവും ഒരു ലക്ഷം രൂപയും വീതം നൽകുമെന്നാണ് കോൺ​ഗ്രസ് ഇറക്കിയ പ്രകടനപത്രികയിലുള്ളത്. മഹാലക്ഷ്മി ​ഗാരന്‍റി എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

സ്ത്രീകൾക്ക് 2,500 രൂപ വീതം പ്രതിമാസം നൽകുമെന്നും 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ നൽകുമെന്നുമാണ് മറ്റ് പ്രധാന വാദ്​ഗാനങ്ങൾ. ഇതിനു പുറമേ ടിഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും വിദ്യാർഥികൾക്ക് സൗജന്യ ഇൻറർനെറ്റ് സേവനം നൽകുമെന്നും കോൺ​ഗ്രസിന്‍റെ പത്രികയിലുണ്ട്.

അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഇത് സംബന്ധിച്ച് ഇന്‍റർനെറ്റ് സേവനദാതാക്കളുമായി ചർച്ച നടത്തുമെന്നും കോൺ​ഗ്രസ് പ്രകടന പത്രിക സമിതി ചെയർമാൻ ഡി.ശ്രീധർബാബു അറിയിച്ചു.

15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും 400 രൂപയ്ക്ക് പാചകവാതക സിലിണ്ടറും നൽകുമെന്നായിരുന്നു ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ഇറക്കിയ പ്രകടനപത്രികയിലുണ്ടായിരുന്ന മുഖ്യവാ​ഗ്ദാനം.

സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരടക്കമുള്ളവർക്ക് വിതരണം ചെയ്യുന്ന പെൻഷൻ തുക വർധിപ്പിക്കുമെന്നും ബിആർഎസിന്‍റെ പ്രകടനപത്രികയിലുണ്ട്. തെലങ്കാനയിൽ നവംബർ നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.