ഡൽഹി മദ്യനയക്കേസ്; വാദം എന്ന് തുടങ്ങുമെന്ന് സുപ്രീംകോടതി
Tuesday, October 17, 2023 1:05 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടയ്ക്കാൻ സാധിക്കില്ലെന്നും കേസിൽ വാദം ഉടൻ ആരംഭിക്കണമെന്നും സുപ്രീംകോടതി.
കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
കേസിലെ വാദം എന്ന് ആരംഭിക്കുമെന്ന് കോടതിയെ ഉടൻ അറിയിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
അതേസമയം, സിസോദിയയ്ക്കെതിരായ കേസുകൾ സിആർപിസിയുടെ 207-ാം വകുപ്പിന്റെ (പ്രതികൾക്ക് രേഖകൾ നൽകൽ) ഘട്ടത്തിലാണെന്നും അതിനുശേഷം കുറ്റപത്രത്തിൽ വാദം ആരംഭിക്കുമെന്നും സി.വി. രാജു കോടതിയെ ബോധിപ്പിച്ചു.