പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്; പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ വെടിയേറ്റു മരിച്ചു
Monday, October 16, 2023 6:51 PM IST
ന്യൂഡല്‍ഹി: ബിഹാറിലെ വൈശാലി ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റു മരിച്ചു.
വാഹന പരിശോധനയ്ക്കിടെയാണ് സരായ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അമിതാഭ് കുമാർ, സാരായ് ബാസാര്‍ ചൗക്കിലുള്ള യൂക്കോ ബാങ്കിനു സമീപത്തു വച്ച് അക്രമികളുടെ വെടിയേറ്റു മരിച്ചത്.
വാഹന പരിശോധനയ്ക്കിടെ മൂന്നു പേരുമായി വന്ന ബൈക്കിന് അമിതാഭ് കുമാര്‍ കൈ കാണിക്കുകയായിരുന്നു.
എന്നാല്‍ വാഹനം നിര്‍ത്തുന്നതിനു പകരം മൂന്നംഗസംഘം വണ്ടി ഓടിച്ചു പോവുകയാണ് ചെയ്തത്. തുടര്‍ന്ന് അമിതാഭും ഏതാനും പോലീസുകാരും ചേര്‍ന്ന് ഇവരെ പിന്തുടര്ന്നു. ഇതിനിടയില്‍ ഇവരിലൊരാള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വാനിന്റെ ഡ്രൈവര്‍ രമേഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
വെടിയേറ്റ അമിതാഭ് കുമാറിനെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അമിതാഭിന്റെ നെഞ്ചത്താണ് വെടിയേറ്റതെന്ന് രമേഷ് കുമാര്‍ പറഞ്ഞു.
മൂന്നംഗ സംഘത്തിലെ ഒരാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേരെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇരുവരും പോലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.