ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വരെ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയുമായി ബിആര്‍എസ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും എന്നതാണ് മുഖ്യ വാഗ്ദാനമായി പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്.

പൊതുവിതരണ സംവിധാനത്തിലൂടെ തെലങ്കാന അന്നപൂര്‍ണ പദ്ധതിക്ക് കീഴിലുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൂപ്പര്‍ഫൈന്‍ അരി വിതരണം ചെയ്യുമെന്നതാണ് പത്രികയിലെ രണ്ടാമത്തെ മുഖ്യ വാഗ്ദാനം.

അര്‍ഹരായ സ്ത്രീകള്‍ക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം 3,000 രൂപ വീതം വിതരണം ചെയ്യുമെന്നും പ്രായമായവര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമുള്ള ആസറ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്നും ബിആര്‍എസിന്‍റെ വാഗ്ദാനത്തിലുണ്ട്. നിലവില്‍ 2016 രൂപയാണ് പ്രായമായവര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും ലഭിക്കുന്നത്.

ഇത് ഘട്ടം ഘട്ടമായി 5000 രൂപയായി വര്‍ധിപ്പിക്കും. മാത്രമല്ല ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന 3016 രൂപ എന്നത് 6000 ആയി ഉയര്‍ത്തുമെന്നും പത്രികയിലുണ്ട്. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കായി 400 രൂപ നിരക്കില്‍ നല്‍കും.

ഇതേ ആനുകൂല്യം അംഗീകൃത ജേണലിസ്റ്റുകള്‍ക്ക് ലഭിക്കുമെന്നും ജേണലിസ്റ്റുകള്‍ക്ക് ആരോഗ്യശ്രീ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന പരിരക്ഷയുടെ തുക 15 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും കെ. ചന്ദ്രശേഖര റാവു വ്യക്തമാക്കി.