മാന്നാര്‍: പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപയിലേറെ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ വടക്കേ ഇന്ത്യയില്‍ നിന്നും സാഹസികമായി പിടികൂടി മാന്നാര്‍ പോലീസ്.

മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്‍റെയും എസ്‌ഐ അഭിരാമിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് യുപി സ്വദേശികളായ മുഹമ്മദ് സല്‍മാന്‍ (34), ആരിഫ് (30), റിസ്വാന്‍ സൈഫി (27) എന്നിവരെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.

മുഹമ്മദ് സല്‍മാനെ യുപിയിലെ ബിജിനൂര്‍ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായില്‍ നിന്നും റിസ്വാന്‍ സൈഫിയെ ബംഗളൂരുവില്‍ നിന്നും ആരിഫിനെ മാന്നാറില്‍ നിന്നുമാണ് പിടികൂടിയത്. ഇതില്‍ മുഹമ്മദ് സല്‍മാനാണ് സംഘത്തലവനെന്ന് പോലീസ് അറിയിച്ചു.

യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവര്‍ അറസ്റ്റിലാകാനുണ്ടെന്നും വരും ദിവസങ്ങളില്‍ ഇവര്‍ പിടിയിലായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മാന്നാര്‍ സ്വദേശി രാജശേഖരന്‍ പിള്ളയുടെ കുട്ടമ്പേരൂര്‍ ഊട്ടുപറമ്പ് സ്‌കൂളിന് തെക്കുവശത്തുള്ള രാജശ്രീയില്‍ വീട്ടിലും, ദീപ്തിയില്‍ ഡോ. ദിലീപ്കുമാറിന്‍റെ വീട്ടിലും സെപ്റ്റംബര്‍ 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമേ വജ്രാഭരണങ്ങളും വിലയേറിയ വാച്ചുകളും മോഷണം പോയിരുന്നു. ബഹ്‌റൈനില്‍ ബിസിനസ് നടത്തുകയാണ് രാജശേഖരന്‍ പിള്ള. ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

മോഷണം നടന്ന വീടുകളിലെ സിസിടിവി കാമറകള്‍ പ്രതികള്‍ തകര്‍ത്തിരുന്നുവെങ്കിലും ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.