പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു
Wednesday, October 11, 2023 5:54 PM IST
ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷ് ഇ മുഹമ്മദ് ഭീകരനുമായ ഷാഹിദ് ലത്തീഫ് (41) പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. സിയാൽകോട്ട് ജില്ലയിൽ അജ്ഞാതരുടെ വെടിയേറ്റാണ് ലത്തീഫ് കൊല്ലപ്പെട്ടത്.
സിയാൽകോട്ടിലെ ദസ്ക പട്ടണത്തിലുള്ള മോസ്കിൽവച്ചായിരുന്നു സംഭവം. കൃത്യം നടത്തിയതിന് പിന്നാലെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
2016-ലാണ് പത്താൻകോട്ടിൽ ഭീകരർ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.