സിനിമാ റിലീസിന് ശേഷം നെഗറ്റീവ് റിവ്യു പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി
വെബ് ഡെസ്ക്
Tuesday, October 10, 2023 9:20 PM IST
കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യു പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. റിലീസ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നാണ് കോടതിയുടെ അഭിപ്രായം.
ഫോൺ കൈയിലുള്ളവർക്ക് എന്തുമാകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നിരൂപണവും പ്രഫഷണൽ നിരൂപണവും രണ്ടും രണ്ടാണെന്നും വ്യക്തിപമായ നിരൂപണത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. റിവ്യൂ ബോബിംഗ് നടത്തി സിനിമയെ തകർക്കാൻ പാടില്ല. ഈ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എന്ത് ചെയ്തുവെന്നും കോടതി ചോദിച്ചു.
കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
റിവ്യു നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സംവിധായകരും നിർമാതാക്കളുമായി ചേർന്ന് കൂടിയാലോചിച്ച് പ്രോട്ടോക്കോൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ കാണുക പോലും ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹൈക്കോടതി മുൻപാകെയെത്തിയ ഹർജിയിലെ പ്രധാന ആവശ്യം. ആരോമലിന്റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന് മുബീന് നൗഫല്‍ ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്.
സിനിമ എന്നത് സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വര്‍ഷങ്ങളുടെ അധ്വാനവും ആണെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. വിഷയത്തില്‍ അഡ്വ. ശ്യാം പത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.