വ്ളോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിംഗ്; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്
Saturday, October 7, 2023 5:07 AM IST
കൊച്ചി: റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെ സിനിമകളെക്കുറിച്ച് തീയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിംഗെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി.
വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ഈ പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ വിശദീകരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചു.
നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു.
ഇത്തരം പരാതി ലഭിച്ചാൽ പോലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണം. ഇതിനായി സംസ്ഥാന പോലീസ് മേധാവിയെ കക്ഷിചേർക്കുകയും ചെയ്തു.
സിനിമ കാണാതെതന്നെ നിരൂപണം നടത്തി വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.