16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തി
Saturday, October 7, 2023 3:32 AM IST
റിയാദ്: ടാൻസനിയൻ സയാമീസ് ഇരട്ടകളായ ഹസനെയും ഹുസൈനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ വിജയകരം. റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സയാമീസ് ഇരട്ടകളെ വേർപെടുത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് ഹസനെയും ഹുസൈനെയും വേര്‍പ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം നടത്തിയ ശസ്ത്രക്രിയയിൽ പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽ നിന്നുള്ള 35 കൺസൾട്ടന്റുമാരും വിദഗ്ധ നഴ്സിംഗ്, ടെക്നിക്കൽ വിഭാഗങ്ങളും നേതൃത്വം നൽകി.
ഒമ്പത് ഘട്ടങ്ങളായാണ് അതിസൂക്ഷ്മമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. വിവിധ രാജ്യക്കാരായ സയാമീസുകളെ റിയാദിലെത്തിച്ച് വേർപെടുത്താനുള്ള സൗദി പദ്ധതിക്ക് കീഴിൽ ഇത് 59-ാമത്തെ ശസ്ത്രക്രിയയാണ് നടന്നതെന്ന് ഡോ. അബ്ദുല്ല അൽ റബീയ പറഞ്ഞു. ഇരുമെയ്യുകളായി മാറിയ ഹസ്സനെയും ഹുസൈനെയും രണ്ട് വ്യത്യസ്ത കിടക്കകളിലാക്കി പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഡോ. അൽ റബീയ പറഞ്ഞു.
ഓഗസ്റ്റ് 23 നാണ് മെഡിക്കൽ വിമാനത്തിൽ ടാൻസനിയയിൽ നിന്ന് കുട്ടികളെ റിയാദിലെത്തിച്ചത്. കുട്ടികൾക്ക് രണ്ടു വയസാണുള്ളത്. 13.5 കിലോഗ്രാം ഭാരവുമുണ്ട്. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഇരട്ടകൾ നെഞ്ചിന്റെ താഴ്ഭാഗം, ഉദരം, ഇടുപ്പ് എന്നിവ ഒട്ടിച്ചേർന്ന നിലയിലായിരുന്നു.