ബാഡ്മിന്റണിൽ മലയാളി പ്രതീക്ഷ; എച്ച്.എസ്. പ്രണോയ് മെഡൽ ഉറപ്പിച്ചു
Thursday, October 5, 2023 2:16 PM IST
ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ മലേഷ്യൻ താരം ലീ സീ ജിയയെ മൂന്ന് ഗെയിം പോരാട്ടത്തിൽ തോല്പിച്ചാണ് മലയാളി താരം സെമിബർത്ത് ഉറപ്പിച്ചത്. സ്കോർ 21-16, 21-23, 22-10.
നാലു പതിറ്റാണ്ടിനു ശേഷമാണ് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഒരു താരം മെഡലുറപ്പിക്കുന്നത്. ഇതിനു മുമ്പ് 1982ൽ സയീദ് മോദി ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു.
അതേസമയം, വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്തായിരുന്നു. ക്വാർട്ടർ ഫൈനലിൽ ചൈനീസ് താരം ഹെ ബിംഗ്ജിയാവോയോട് സിന്ധു തോൽവി വഴങ്ങുകയായിരുന്നു. സ്കോർ 21-16, 21-15. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെള്ളി ജേതാവാണ് സിന്ധു.
സിന്ധു നിരാശപ്പെടുത്തിയെങ്കിലും ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഇതുവരെ ഇന്ത്യ രണ്ട് സ്വർണമാണ് നേടിയത്. സ്ക്വാഷ് മിക്സ്ഡ് ടീമിനത്തിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ- ഹരീന്ദർപാൽ സിംഗ് സന്ധു സഖ്യം സ്വർണം നേടിയിരുന്നു.
വനിതകളുടെ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഫൈനലിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം, അദിതി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരും സ്വർണമെഡൽ നേടി.
ഇതോടെ ഹാംഗ്ഝൗവിലെ ഇന്ത്യയുടെ മെഡൽനേട്ടം 83 ആയി. 20 സ്വർണം, 31 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ പട്ടിക.