കുവൈത്തിലെ നഴ്സുമാർക്ക് മോചനം
Wednesday, October 4, 2023 8:29 PM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നു തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർ മോചനം. 19 മലയാളികൾ ഉൾപ്പെടെ 60 നഴ്സുമാരാണ് മോചിതരായത്.
ഓഗസ്റ്റിൽ മാലിയ മേഖലയിലുള്ള സ്വകാര്യ ആശുപത്രിയിൽ കുവൈത്ത് മാനവശേഷി സമിതി നടത്തിയ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ ഇടപെടലിനെ തുടർന്നാണ് നഴ്സുമാർ മോചിതരായത്.
ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറഞ്ഞിരുന്നു.
ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. പലരും മൂന്ന് മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
പിടിക്കപ്പെട്ട അഞ്ച് മലയാളി നഴ്സുമാർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. ഇന്ത്യൻ എംബസിയും കേന്ദ്ര മന്ത്രി വി. മുരളീധരനും ഇടപെട്ടതിനെ തുടർന്നു ജയിലിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു.