ജാവലിനിൽ ഇന്ത്യൻ തിളക്കം; നീരജിന് സ്വർണം, കിഷോറിന് വെള്ളി
Wednesday, October 4, 2023 6:47 PM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യൻ തിളക്കം. സ്വർണവും വെള്ളിയും എറിഞ്ഞിട്ടാണ് ഇന്ത്യയുടെ നേട്ടം. ലോക ഒന്നാം നമ്പർ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോൾ ശക്തമായ പോരാട്ടം കാഴ്ചവച്ച കിഷോർ കുമാർ ജന രണ്ടാം സ്ഥാനത്തെത്തി.
കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരീസ് ഒളിന്പിക്സ് യോഗ്യതയും കിഷോർ എറിഞ്ഞിട്ടു. നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ 84.49 മീറ്റർ എറിഞ്ഞപ്പോൾ, മൂന്നാം ശ്രമത്തിൽ കിഷോർ പിന്നിട്ടത് 86.77 മീറ്റർ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോർ ഒന്നാം സ്ഥാനത്തെത്തി.
നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നിലെത്തി. നാലാം ശ്രമത്തിൽ കിഷോർ 87.54 മീറ്റർ ദൂരം പിന്നിട്ടെങ്കിലും നീരജിന്റെ അടുത്തെത്താൻ സാധിച്ചില്ല.
അതേസമയം 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ കിഷോർ പാരീസ് ഒളിന്പിക്സിനുള്ള യോഗ്യത നേടി.