ഹോക്കിയില്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; ദക്ഷിണ കൊറിയയെ വീഴ്ത്തി ഫൈനലില്‍
Wednesday, October 4, 2023 3:41 PM IST
ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വെള്ളി മെഡലുറപ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 5-3 എന്ന സ്കോറിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യ അവസാന രണ്ടിലെത്തിയത്.
ഇന്ത്യയ്ക്കായി ഹാര്‍ദിക് സിംഗ്, മന്ദീപ് സിംഗ്, ലളിത് ഉപാധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കൊറിയയ്ക്കായി ജുംഗ് മാഞ്ചെ ഹാട്രിക് നേടിയെങ്കിലും മറ്റാര്‍ക്കും ഗോള്‍ നേടാനാകാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.
ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന നീലപ്പട ഗെയിംസില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതൊടൊപ്പം, 2024ലെ പാരീസ് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുക എന്ന ലക്ഷ്യത്തോട് ഒരു പടികൂടി അടുക്കാനും ഇന്ത്യയ്ക്കായി.
അടുത്തിടെ ചെന്നൈയില്‍ വച്ചു നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ കിരീടം ഇന്ത്യയ്ക്കായിരുന്നു. മലേഷ്യയെ ആണ് അന്ന് ഫൈനലില്‍ തോല്‍പ്പിച്ചത്. 1966, 1998, 2014 ഏഷ്യൻ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയിട്ടുള്ളത്.
2018ലെ ജക്കാർത്ത ഗെയിംസിൽ വെങ്കലത്തിലൊതുങ്ങിയ ഇന്ത്യ സ്വർണം മാത്രം ലക്ഷ്യമിട്ടാവും ഫൈനലിലിറങ്ങുക. ജപ്പാന്-ചൈന മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ സ്വർണ പോരാട്ടത്തിൽ നേരിടുക.