വായ്പ തീർന്നിട്ടും ആധാരമില്ല; കരുവന്നൂർ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ
Wednesday, October 4, 2023 3:32 PM IST
കൊച്ചി: വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്ന് ആധാരം തിരികെ നല്‍കിയില്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെനല്കാൻ ഇഡിക്ക് അപേക്ഷ നല്കാൻ ബാങ്കിന് ഹൈക്കോടതി നിർദേശം നല്കി.
വായ്പ പൂർണമായും അടച്ചുതീർത്തിട്ടും എന്തിനാണ് ആധാരം പിടിച്ചുവച്ചിരിക്കുന്നതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഇഡി ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കരുവന്നൂര്‍ ബാങ്കില്‍ ഭൂമി പണയപ്പെടുത്തിയെടുത്ത വായ്പകള്‍ അടച്ചു തീര്‍ത്തിട്ടും ഭൂമിയുടെ ആധാരം തിരിച്ചു നല്‍കുന്നില്ലെന്നാരോപിച്ച് തൃശൂര്‍ കാരളം സ്വദേശി ഫ്രാന്‍സിസ് ആണ് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്.
50 സെന്റ് സ്ഥലം പണയപ്പെടുത്തി ഹര്ജിക്കാരന് കരുവന്നൂര്ബാങ്കില്നിന്ന് രണ്ടു വായ്പകളാണെടുത്തത്. ഇവ രണ്ടും കഴിഞ്ഞ ഡിസംബറില്‍ അടച്ചു തീര്‍ത്തു. എന്നിട്ടും ആധാരം തിരികെക്കിട്ടിയില്ല.
ഭൂമിയുടെ ആധാരം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലാണെന്നാണ് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് ഇഡിയെയും എതിര്‍കക്ഷിയാക്കി ഫ്രാന്‍സിസ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഇഡിയടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.