ടിയാനന്മെന് പേടി;കായികതാരങ്ങളുടെ ആലിംഗന ചിത്രം വിലക്കി ചൈന
Wednesday, October 4, 2023 12:15 PM IST
ഹാങ്ഷൗ: ചൈനീസ് കായിക താരങ്ങളുടെ ആലിംഗന ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ വിലക്കേര്‍പ്പെടുത്തി ചൈന. 1989 ജൂണ്‍ നാലിന് ബെയ്ജിംഗിലെ ടിയാനന്മെന് സ്ക്വയറില്‍ നടന്ന കൂട്ടക്കൊലയെ ഓർമിപ്പിക്കുന്നതാണ് ചിത്രം എന്നതിന്റെ പേരിലാണ് വിലക്ക്.
ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച ചൈനീസ് താരങ്ങളായ ലിന് യൂവിയും വു യാന്നിയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചൈനീസ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇരുവരുടെയും ലെയിന്‍ നമ്പര്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന നമ്പര്‍ '64' ആയതാണ് പ്രശ്നമായത്.
1989 ജൂണ്‍ നാലിനാണ് ജനാധിപത്യ വാദികളായ നൂറുകണക്കിന് ചെറുപ്പക്കാരെ ചൈനീസ് സൈന്യം ടിയാനന്മെന് സ്ക്വയറില്‍ നിര്‍ദയം വെടിവെച്ചു കൊന്നത്. മരിച്ചത് ആയിരങ്ങള്‍ ആണെന്നും അനൗദ്യോഗിക വിവരങ്ങളുണ്ട്. ആറാം മാസമായ ജൂണിലെ നാലാം ദിവസം എന്നതിനെ സൂചിപ്പിക്കാനാണ് '64' എന്ന നമ്പര്‍ ഉപയോഗിക്കുന്നത്.
കലിഫോര്‍ണിയയിലെ യെര്മോയില് ലിബര്‍ട്ടി സ്കള്‍പ്ച്ചര്‍ പാര്‍ക്കില്‍ ടിയാനന്മെന് ചത്വരത്തില്‍ നടന്ന കൂട്ടക്കൊലയെ അനുസ്മരിപ്പിച്ച് '64' നമ്പരില്‍ വലിയൊരു ശില്‍പ്പവുമുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ശേഷം ലിന് യൂവി, വൂ യാന്നിയെ ആലിംഗനം ചെയ്യുകയായിരുന്നു. ആറാം നമ്പര്‍ ലെയിനില്‍ മത്സരിച്ച ലിന് നാലാം നമ്പര്‍ ലെയിനില്‍ മത്സരിച്ച വൂവിനെ ആലിംഗനം ചെയ്തതോടെ ഇരുവരുടെയും നമ്പര്‍ ഒന്നുചേര്‍ന്ന് '64' ആയി മാറുകയായിരുന്നു.
ടിയാനന്മെന് കൂട്ടക്കൊല സംബന്ധിച്ച ഇന്റര്‍നെറ്റ് ചര്‍ച്ചകള്‍ക്ക് പോലും ചൈനീസ് ഗവണ്മെന്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിച്ചാല്‍ അവന്റെ മേല്‍ പിടിവീഴും.
ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വീബോയില്‍ ആളുകള്‍ ആലിംഗന ചിത്രം പങ്കുവെച്ചതോടെയാണ് ഇക്കാര്യം ചൈനീസ് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുന്നത്. വിലക്കേര്‍പ്പെടുത്തിയതിനു ശേഷവും ചില ചൈനീസ് മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഈ ചിത്രം കാണിക്കുന്നുണ്ട്.