കെസിആര്‍ എന്‍ഡിഎയില്‍ ചേരാനായി സമീപിച്ചിരുന്നുവെന്ന് നരേന്ദ്രമോദി; മറുപടിയുമായി കെസിആറിന്റെ മകൻ
Tuesday, October 3, 2023 9:13 PM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്‍ഡിഎയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അതിനെ എതിര്‍ക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍.
തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിക്കിടെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ കെസിആറിന്റെ മകന് കെ.ടി.രാമറാവു മോദിക്ക് മറുപടിയുമായെത്തി. എന്‍ഡിഎയില്‍ ചേരാന്‍ തന്റെ അച്ഛന് ഭ്രാന്തില്ലെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.
ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്)യെ എന്‍ഡിഎയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെസിആര്‍ പല തവണ തന്നെ സമീപിച്ചെന്നും എന്നാല്‍ തെലുങ്കാനയിലെ ജനങ്ങളെ ചതിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് ആ ആവശ്യം നിരസിക്കുകയായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതോടെ കെസിആര്‍ ആകെ അസ്വസ്ഥനായെന്നും മോദി പറഞ്ഞു.
'ഞാനൊരു സത്യം വെളിപ്പെടുത്താൻ പോവുകയാണ്' എന്ന മുഖവുരയോടെ തുടങ്ങിയ പ്രധാനമന്ത്രി 2020ലെ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ സമയത്താണ് കെസിആര്‍ ഈ ആവശ്യം പറഞ്ഞ് തന്നെ സമീപിച്ചതെന്നും വ്യക്തമാക്കി.
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന്,എന്‍ഡിഎയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ഷോളുമായി കെസിആര്‍ തന്നെ കാണാനെത്തുകയായിരുന്നുവെന്നും മോദി പറഞ്ഞു. എന്നാല്‍ 'തെലുങ്കാനയിലെ ജനങ്ങളെ ചതിക്കാന്‍ ഞങ്ങള്‍ക്കാവില്ല' എന്നു പറഞ്ഞ് താന്‍ അദ്ദേഹത്തെ മടക്കി അയച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2020ലെ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചുവടുവയ്പായിരുന്നു. 150 വാര്‍ഡുകളില്‍ ബിജെപി 48 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ കെസിആറിന്റെ പാര്‍ട്ടിയുടെ സീറ്റ് 99ല്‍ നിന്നും 56 ആയി ഇടിയുകയാണുണ്ടായത്. ഒവൈസിയുടെ ഐഐഎംഐഎം 44 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും രണ്ടു സീറ്റില്‍ ഒതുങ്ങി.