ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അന്നു റാണി
Tuesday, October 3, 2023 8:05 PM IST
ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യയുടെ അന്നു റാണി. ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് അന്നു റാണി കൈവരിച്ചത്.
സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് അന്നു റാണിയുടെ മെഡല്‍ നേട്ടം. 62.92 മീറ്റര്‍ ദൂരമാണ് താരം കണ്ടെത്തിയത്.
ആദ്യ അവസരത്തില്‍ 56.99 മീറ്ററുമായി പട്ടികയില്‍ ആറാമതായിരുന്നു താരം. എന്നാല്‍ രണ്ടാം അവസരത്തില്‍ 61.28 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചതോടെ അന്നു റാണി ഒന്നാമതെത്തി.
മൂന്നാം അവസരത്തില്‍ 59.24 മീറ്റര്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂവെങ്കിലും നാലാം അവസരത്തില്‍ 62.92 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് താരം സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ അന്നു റാണി വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ താരം ജാവലിന്‍ ത്രോയില്‍ നേടുന്ന ആദ്യ മെഡല്‍ കൂടിയായിരുന്നു അത്.
ജാവലിന്‍ ത്രോയില്‍ 60 മീറ്റര്‍ ദൂരം പിന്നിട്ട ആദ്യ ഇന്ത്യന്‍ വനിതാതാരവും അന്നു റാണിയാണ്. താരം 2022ല്‍ ഇന്ത്യന്‍ ഓപ്പണ്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ കുറിച്ച 63.82 മീറ്ററാണ് നിലവിലെ ദേശീയ റിക്കാര്‍ഡ്.