തിരുവനന്തപുരത്ത് ബുധനാഴ്ച അവധി
Tuesday, October 3, 2023 7:46 PM IST
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകുടം അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.
അതേസമയം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നേമത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.
കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ജില്ലയിലെ പിഎസ്സി പരീക്ഷകളും മാറ്റിവച്ചിരുന്നു.അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷകളാണ് മാറ്റിവച്ചത്.
നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട്, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രൊഫൈൽ സന്ദേശം മുഖേന പിന്നീട് അറിയിക്കും.