ട്രാക്കിൽ പാറക്കല്ലും ഇരുമ്പുകഷണങ്ങളും; വന്ദേഭാരത് എക്സ്പ്രസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
Tuesday, October 3, 2023 11:27 AM IST
ജയ്പുർ: രാജസ്ഥാനിൽ റെയിൽപാളത്തിൽ അജ്ഞാതർ പാറക്കല്ലുകളും ഇരുമ്പുകഷണങ്ങളും നിരത്തി. ട്രാക്കിലൂടെയെത്തിയ വന്ദേഭാരത് എക്സ്പ്രസ് അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്.
ചിത്തോർഗഡ് ജില്ലയിലെ ഗംഗ്രാറിനും സോണിയാനയ്ക്കുമിടയിലെ റെയിൽപാളത്തിലാണ് മീറ്ററുകളോളം നീളത്തിൽ പാറക്കല്ലുകളും ഇരുമ്പ് കഷണങ്ങളും നിരത്തിയ നിലയിൽ കണ്ടെത്തിയത്.
ഉദയ്പുർ- ജയ്പുർ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന ട്രാക്കിലായിരുന്നു സംഭവം. പാളത്തിലെ വസ്തുക്കൾ ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് തക്കസമയത്ത് ട്രെയിൻ നിർത്തിയതിനാൽ വൻഅപകടം ഒഴിവായി.
സംഭവവുമായി ബന്ധപ്പെട്ട് ഗംഗ്രാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.