തിരുവനന്തപുരം: എഴുപതിൽപരം വ്യാജ ലോൺആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നു നീക്കംചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പുകൾ നിരവധിപ്പേരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പോലീസിന്‍റെ നടപടി.

നേരത്തെ ചൈന, മൗറീഷ്യസ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ആപ്പുകളടക്കം 72 വ്യാജ ലോൺ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് നല്കിയിരുന്നു. ഇതിനു തുടർച്ചയായാണ് ലോൺആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നു നീക്കംചെയ്ത നടപടി.

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്ന് കേരളാ പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്‍റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.