നിയമനക്കോഴ: അക്കൗണ്ടിലൂടെ എത്തിയ അഞ്ച് ലക്ഷം അഖില്‍ സജീവിന് കൈമാറിയെന്ന് യുവാവ്
Tuesday, October 3, 2023 8:52 AM IST
തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസറായുള്ള നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെതിരെ വെളിപ്പെടുത്തലുമായി തൃപ്പൂണിത്തറ സ്വദേശി ഷിനോയി. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഖില്‍ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് ആരോപണം.
പലപ്പോഴായി പല അക്കൗണ്ടുകളില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്കെത്തിയ പണം അഖില്‍ സജീവിന് കൈമാറി. തൊഴില്‍ തട്ടിപ്പിലെ പണമാണിതെന്ന് പിന്നീടാണ് മനസിലായതെന്നും ഇയാള്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് പല അക്കൗണ്ടുകളില്‍നിന്നായി ഗൂഗിള്‍ പേ വഴി പണമെത്തിയത്. കോഴിക്കോട് അഖില്‍ സജീവിനൊപ്പം 15 ദിവസം താമസിച്ചപ്പോഴായിരുന്നു ഇടപാട് നടത്തിയത്. തന്റെ അക്കൗണ്ട് മരിവിപ്പിച്ചിരിക്കുകയാണെന്നാണ് അഖില്‍ സജീവ് തന്നെ വിശ്വസിപ്പിച്ചത്.
ജോലിയ്ക്കായി കൈമാറിയ പണമാണിതെന്ന് മൂന്ന് മാസത്തിനുശേഷം ഒരാള്‍ തന്നെ വിളിച്ചുപറഞ്ഞു. അപ്പോഴാണ് തട്ടിപ്പിന് തന്റെ അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നെന്ന് മനസിലായതെന്നും ഷിനോയി ആരോപിച്ചു.