സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
Tuesday, October 3, 2023 1:04 AM IST
ജൊഹനാസ്ബർഗ്: സിംബാബ്വെയില് സ്വകാര്യ വിമാനം തകർന്നുവീണ് ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു. ഹർപാൽ രൺധാവ, മകൻ അമേർ കബീർ സിംഗ് രൺധാവ(22) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഇവരുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം.
സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്ന 206 ഒറ്റ എഞ്ചിൻ വിമാനം ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെയാണ് തകർന്നത്.
മുറോവ വജ്ര ഖനിക്ക് സമീപം തന്നെയാണ് വിമാനം തകർന്നത്. വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് സിംബാബ്വെയിലെ മാധ്യമങ്ങള്‍ നല്കുന്ന വിവരം.