മധ്യവയസ്കനെ മരിച്ച നിലയില്‍ കുറ്റിക്കാട്ടിൽ കണ്ടെത്തി: കൊലക്കേസിലടക്കം പ്രതി
Monday, October 2, 2023 7:20 PM IST
കാസര്‍ഗോഡ്: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കരിങ്കല്ല് കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ അബ്ദുള്‍ റഷീദ് (സമൂസ റഷീദ്-40) ആണ് മരിച്ചത്.
രാവിലെ 8.30 ഓടെയാണ് കുമ്പള കുണ്ടങ്കാരടുക്ക ഐഎച്ച്ആര്‍ഡി കോളജിനു സമീപത്തെ മൈതാനത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കളിക്കാനെത്തിയെ കുട്ടികള്‍ മൈതാനത്ത് ചോരപ്പാടുകള്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തനിക്ക് വധഭീഷണി ഉണ്ടെന്ന് റഷീദ് പറഞ്ഞിരുന്നതായി മാതാവ് സൈറുന്നീസ പോലീസിനു മൊഴി നല്കി. സൈറുന്നീസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ഹബീബ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഞായറാഴ്ച ഉച്ച മുതല്‍ റഷീദും ഹബീബും ഒരുമിച്ചുണ്ടായിരുന്നതായും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മൈതാനത്ത് അഞ്ചോളം പേര് ഉണ്ടായിരുന്നതായാണ് സൂചന.
ഇതില്‍ ആര്‍ക്കെങ്കിലും കൊലയുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മൈതാനത്ത് വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
മധൂര്‍ പട്ളയിലെ ഷാനവാസിനെ (24) കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് റഷീദ്. 2019 ഒക്ടോബര്‍ 18-നാണ് കാസര്‍ഗോഡ് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ കിണറ്റില്‍ ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.
റഷീദ് അടക്കം നാലു പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. റഷീദിനെതിരെ കുമ്പള, കാസര്‍ഗോഡ് സ്റ്റേഷനുകളിലായി ആറു കേസുകള്‍ നിലവിലുണ്ട്.