കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.കെ.കണ്ണന്റെയും കുടുംബത്തിന്റെ സ്വത്ത് വിവരം ഹാജരാക്കാൻ ഇഡിയുടെ നോട്ടീസ്
Monday, October 2, 2023 12:51 PM IST
തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടിൽ സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വ്യാഴാഴ്ചയ്ക്കുള്ളിൽ എല്ലാ സ്വത്ത് വിവരങ്ങളും ഇഡിയ്ക്ക് മുന്നിൽ ഹാജരാക്കാനാണ് നിർദേശം. സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ ശ്രമം.
കണ്ണന്റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള മുഴുവൻ സ്വത്തുക്കളുടെയും പൂർണവിവരം ഇഡി ഓഫീസിൽ ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
നേരിട്ടോ അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേനേയോ ഹാജരാക്കിയാൽ മതി. അതേസമയം ഇഡിയുടെ ചോദ്യങ്ങളോട് എം.കെ.കണ്ണൻ കൃത്യമായ രീതിയിൽ സഹകരിക്കുന്നില്ലെന്നാണ് വിവരം.
അന്വേഷണത്തോട് നിസഹകരണം തുടർന്നാൽ കടുത്ത നടപടികളിലേക്ക് ഇഡി കടക്കും. അതിനു മുന്നോടിയായാണ് സ്വത്തുവിവരങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ഇഡി നിർദേശം നൽകിയിരിക്കുന്നത്.
തൃശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിൽ, വായ്പ കൈമാറ്റം തുടങ്ങി വിവിധ പണമിടപാടുകൾ നടത്തുന്നതിന് എം.കെ.കണ്ണൻ മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ കമ്മീഷൻ തുക കൈപറ്റിയിട്ടുണ്ടെന്നുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ഇതിൽ വ്യക്തത വരുത്തുന്നതിന് കൂടിയാണ് കുടുംബത്തിലെ എല്ലാവരുടേതുമുൾപ്പെടെയുള്ള സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിരിക്കുന്നത്.