കണ്ണൂരിൽ മുൻ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരേ ബോംബേറ്
Monday, October 2, 2023 12:26 PM IST
കണ്ണൂർ: കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്. മുൻ ആർഎസ്എസ് പ്രവർത്തകൻ മൂഴിക്കര സ്വദേശി ശ്രേയസിൽ ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
അർധരാത്രി 12നായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ വൻസ്ഫോടന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. വീടിന്റെ മുറ്റത്തേയ്ക്കാണ് ബോംബ് എറിഞ്ഞത്.
അക്രമണത്തിൽ മുറ്റത്ത് വിരിച്ചിരിക്കുന്ന ഇന്റർലോക്കുകൾക്കും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും.
നേരത്തെ ആർഎസ്എസ് പ്രവർത്തകനായിരുന്ന ഷാജി ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ലെന്നാണ് വിവരം. സംഭവത്തിൽ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.