സ്ലൊവാക്യയിൽ റഷ്യാ അനുകൂല പാർട്ടി ഒന്നാമത്
Monday, October 2, 2023 2:23 AM IST
ബ്രാറ്റിസ്ലാവ: യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമായ സ്ലൊവാക്യയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ റഷ്യാ അനുകൂല പാർട്ടി ഒന്നാമതെത്തി. ഇടതുപക്ഷ മുൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ നയിക്കുന്ന സ്മെർ-എസ്എസ്ഡി പാർട്ടി 24 ശതമാനം വോട്ടാണ് നേടിയത്. യുക്രെയ്നുള്ള ആയുധസഹായം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഫിസോ പ്രഖ്യാപിച്ചിരുന്നു.
എക്സിറ്റ് പോളുകൾ ഒന്നാം സ്ഥാനം പ്രവചിച്ച പ്രോഗ്രസീവ് സ്ലൊവാക്യ പാർട്ടിക്ക് 17 ശതമാനം വോട്ടുകളേ ലഭിച്ചുള്ളു. യൂറോപ്യൻ യൂണിയൻ അനുകൂലിയായ മുൻ പ്രധാനമന്ത്രി പീറ്റർ പെല്ലഗ്രിനിയുടെ പാർട്ടി 15 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. പെല്ലഗ്രിനുയുമായും മറ്റു സഖ്യകക്ഷികളുമായും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ശ്രമം റോബട്ട് ഫിസോ നടത്തിയേക്കും.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നല്കുന്ന രാജ്യങ്ങളിലൊന്നാണ് സ്ലൊവാക്യ. മിസൈലുകളും ഹെലികോപ്റ്ററുകളും മിഗ്-29 യുദ്ധവിമാനങ്ങളും അവർ നല്കിയിട്ടുണ്ട്.