മെക്സിക്കോയിൽ ചരക്ക് ട്രക്ക് മറിഞ്ഞ് 10 കുടിയേറ്റക്കാർ മരിച്ചു
Sunday, October 1, 2023 11:54 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രക്ക് മറിഞ്ഞ് 10 കുടിയേറ്റക്കാർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ചിയാപാസിലെ ഹൈവേയിൽ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
ഗ്വാട്ടിമാലയുമായുള്ള അതിർത്തിക്കടുത്താണ് അപകടമുണ്ടായത്. മരിച്ചവർ എല്ലാവരും ക്യൂബയിൽ നിന്നുള്ള സ്ത്രീകളാണ്. പ്രായപൂർത്തിയാകാത്ത ഒരാളും ഇവരിൽ ഉൾപ്പെടുന്നു.
മെക്സിക്കോയിൽ രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. വ്യാഴാഴ്ച, ചിയാപാസ് സംസ്ഥാനത്തെ മെസ്കാലാപ മുനിസിപ്പാലിറ്റിയിൽ ഒരു ട്രക്ക് മറിഞ്ഞ് രണ്ട് കുടിയേറ്റക്കാർ മരിച്ചിരുന്നു.