ജമ്മുകാഷ്മീർ ലഫ്റ്റനന്റ് ഗവർണറാകുമോ ?. ഗുലാം നബി ആസാദ് പറയുന്നതിങ്ങനെ...
Sunday, October 1, 2023 10:16 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ലഫ്റ്റനന്റ് ഗവർണറാകാൻ തനിക്ക് താൽപര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. താൻ ജോലി അന്വേഷിക്കുന്നില്ലെന്നും ജമ്മു കാഷ്മീരിലെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ ഗുലാം നബി ആസാദ് വ്യക്തമാക്കി.
"ഗുലാം നബി ആസാദ് അടുത്ത ലഫ്റ്റനന്റ് ഗവർണറാകാൻ പോകുന്നുവെന്ന് ഇവിടെ ഒരു പുതിയ കിംവദന്തിയുണ്ട്'. ഇതിൽ വിശ്വസിക്കരുതെന്ന് ജനങ്ങളോട് താൻ അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് കഴിഞ്ഞ വർഷം രൂപീകരിച്ച തന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡിപിഎപി) സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പുനരധിവാസം തേടുകയാണെന്ന പ്രതീതിയുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. 2005-ൽ മുഖ്യമന്ത്രിയായി ഞാൻ ഇവിടെ വന്നപ്പോൾ, ജനങ്ങളെ സേവിക്കുന്നതിനായി രണ്ട് വിലപ്പെട്ട കേന്ദ്രമന്ത്രിസ്ഥാനങ്ങൾ ഉപേക്ഷിച്ചു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ജമ്മു കാഷ്മീർ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങൾ. പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പം ഇന്ത്യക്ക് മാത്രമുള്ളതല്ല എന്നത് ശരിയാണ്. യൂറോപ്പിലാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉള്ളത്. എന്നാൽ അത് നേരിടാൻ അവർക്ക് മറ്റ് മാർഗങ്ങളുണ്ട്.
നമ്മുടേത് ഒരു ദരിദ്ര സംസ്ഥാനമാണ്. തൊഴിലില്ലായ്മ വർധിച്ചുവരികയാണ്. ജോലികളൊന്നുമില്ല. സർക്കാർ തസ്തികകൾ പരസ്യപ്പെടുത്തുന്നുണ്ടെങ്കിലും അഭിമുഖം നടക്കുന്നില്ല. വിദ്യാസമ്പന്നരായ യുവാക്കൾക്ക് ജോലിയില്ല, മാതാപിതാക്കൾ മക്കളുടെ വിദ്യാഭ്യാസത്തിനായി സമ്പാദ്യം മുഴുവൻ തീർത്തു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ഉപജീവനമാർഗം നടത്താൻ വിനോദസഞ്ചാരത്തിന് കഴിയും. 2007ൽ നിർമിച്ച ഒരു തുലിപ് ഗാർഡൻ ആയിരക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ ജമ്മു കാഷ്മീരിലെ ഓരോ ജില്ലയിലും 10 മുതൽ 12 വരെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ എനിക്ക് പദ്ധതിയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."മയക്കുമരുന്ന് ഉപയോഗം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. പലരും മയക്കുമരുന്ന് ഇടപാട് നടത്തി കോടീശ്വരന്മാരായി. അവരെ തൂക്കിക്കൊല്ലണം'. ഗുലാം നബി ആസാദ് പറഞ്ഞു.