പുരുഷ ബാഡ്മിന്റണിൽ ചരിത്രവെള്ളി നേടി ഇന്ത്യൻ ടീം; മെഡൽ നേട്ടം 37 വർഷത്തിനു ശേഷം
Sunday, October 1, 2023 9:30 PM IST
ഹാങ്ഷൗ: പുരുഷ ബാഡ്മിന്റണ്‍ ടീം സ്വന്തമാക്കിയത് ചരിത്രവെള്ളി. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യയ്ക്ക് സ്വർണപോരാട്ടത്തിൽ ചൈനയോടു കാലിടറുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷം തുടർച്ചയായി മൂന്നു മത്സരങ്ങൾ പരാജയപ്പെട്ടാണ് ഇന്ത്യ സ്വർണം കൈവിട്ടത്. മലയാളി താരം എച്ച്.എസ്. പ്രണോയി പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍ ചൈനയുടെ ഷീ യുഖിയെ തോല്‍പ്പിച്ച് ഇന്ത്യക്കു ലീഡുനല്‍കി (22-20, 14-21, 21-18). പിന്നീട് ആദ്യ ഡബിള്‍സില്‍ സാത്വിക് സായ് രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാംഗ്-വാംഗ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-15, 21-18) പരാജയപ്പെടുത്തിയതോടെ ഇന്ത്യ 2-0ന് മുന്‍പിലെത്തി.
രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലി ഷി ഫെംഗിനോടും (22-24, 8-21), രണ്ടാം ഡബിള്‍സില്‍ ധ്രുവ് കപില-പ്രതീക് സഖ്യം ലിയു-ഒവു സഖ്യത്തോടും (6-21, 15-21) പരാജയപ്പെട്ടു. 2-2 എന്ന നിലയിലായതോടെ അഞ്ചാം മത്സരം നിര്‍ണായകമായി.
ഇതിനിടെ എച്ച്.എസ്. പ്രണോയിക്ക് പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്നതോടെ പകരക്കാരനായി മിഥുൻ മഞ്ജുനാഥിനെ കളത്തിലിറക്കുകയായിരുന്നു. എന്നാൽ ചൈനയുടെ വെൻ ഹോംഗ് യാൻ മഞ്ജുനാഥിനെതിരേ 21-12,21-4 എന്ന സ്കോറിന് അനായാസ വിജയം നേടി സ്വർണം കൈപ്പിടിയിലൊതുക്കി.
നേരത്തേ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. 37 വര്‍ഷത്തിനു ശേഷമാണ് പുരുഷവിഭാഗം ടീമിനത്തിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ ലഭിക്കുന്നത്