പരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റിനും മകനുമെതിരേ പരാതി
Sunday, October 1, 2023 8:02 PM IST
തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പെട്ട് പണം നഷ്ടമായ പരാതിക്കാരന് ബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി.
ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകനും തന്നെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ബാലകൃഷ്ണൻ മാറനല്ലൂര്‍ പോലീസില്‍ നൽകിയിരിക്കുന്ന പരാതി.
ഉച്ചയ്ക്കു രണ്ടിന് ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേര്‍ന്ന് ബാലകൃഷ്ണനുമായി സംസാരിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് തന്നെ ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഒഴിഞ്ഞു മാറിയതിനാൽ അപകടം ഉണ്ടായില്ലെന്നുമാണ് ബാലകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നത്.
ബിജെപി പ്രവര്‍ത്തകരും ബാങ്ക് നിക്ഷേപകരും നടത്തിയ റോഡ് ഉപരോധത്തിനിടെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎസ്പിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.