കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
Sunday, October 1, 2023 4:55 PM IST
ബംഗൂളൂരു: കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പ്രേമ. എസ്(48) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണ(58)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ നാഗഭൂഷണയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വസന്തപുര മെയിൻ റോഡിലാണ് സംഭവം. റോഡ് സൈഡിലൂടെ നടന്നുവരികയായിരുന്നു പ്രേമയും കൃഷ്ണയും.
ഈ സമയത്ത് ഉത്തരഹള്ളി ഭാഗത്തുനിന്ന് കോനൻകുണ്ടേ ക്രോസ് ഭാഗത്തേക്ക് വരികയായിരുന്ന നാഗഭൂഷണ സഞ്ചരിച്ചിരുന്ന കാർ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ വൈദ്യുത തൂണിലിടിച്ചാണ് കാർ നിന്നത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രേമ മരിച്ചത്. സംഭവത്തിന് പിന്നാലെ പോലീസെത്തി നാഗഭൂഷണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാഗഭൂഷണ അശ്രദ്ധമായാണ് കാറോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.