യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവം; പ്രതിഷേധമറിയിച്ച് ഇന്ത്യ
Sunday, October 1, 2023 9:01 AM IST
ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ ബ്രിട്ടന് സര്‍ക്കാരിനെ ഇന്ത്യ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരേസ്വാമിയെ ആസൂത്രിതമായി തടഞ്ഞത് അപമാനകരമാണെന്നും ഇന്ത്യ വ്യക്തമാക്കി.
സംഭവത്തില്‍ ഗ്ലാസ്ക്കോ ഗുരുദ്വാര അധികൃതര്‍ ഹൈക്കമ്മീഷണറോട് മാപ്പ് പറഞ്ഞു. പ്രതിഷേധിച്ച ആളുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഗുരുദ്വാര കമ്മിറ്റിയുടെ വിശദീകരണം. അതേസമയം സംഭവത്തേക്കുറിച്ച് പഠിക്കുകയാണെന്ന് ബ്രിട്ടന് ഇന്ത്യയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്കോ ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ എത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞത്. ഗുരുദ്വാര കമ്മിറ്റിയുടെ ക്ഷണപ്രകാരം സമിതി അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം.
എന്നാല്‍ ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹത്തെ അനുവദിച്ചില്ല. ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധിച്ചതോടെ ഇദ്ദേഹം ഇവിടെനിന്ന് മടങ്ങുകയായിരുന്നു.