ഹിമാചൽ പ്രദേശിലെ ദുരന്തബാധിതരെ സഹായിക്കാൻ 4,500 കോടി രൂപയുടെ പാക്കേജ്
Sunday, October 1, 2023 5:53 AM IST
ഷിംല: ഹിമാചൽ പ്രദേശിലെ ദുരന്തബാധിതരെ സഹായിക്കാൻ 4,500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. ജൂലൈ ഏഴ് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ എംജിഎൻആർഇജിഎയുടെ കീഴിൽ 1,000 കോടി രൂപ ഉൾപ്പെടെ 4,500 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
പാക്കേജിൽ 3,500 കോടി രൂപ ദുരന്തബാധിതർക്കുള്ളതാണ്, 1,000 കോടി രൂപ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം (എംജിഎൻആർഇജിഎ) സംരക്ഷണ ഭിത്തികളുടെ നിർമാണത്തിനായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വീടുകളോ കൃഷിയോ മറ്റേതെങ്കിലും തരത്തിലുള്ള ഭൂമിയോ വിളകളോ നശിച്ച എല്ലാ ദുരിതബാധിതർക്കും വരുമാന പരിധി പരിഗണിക്കാതെ പ്രത്യേക പാക്കേജിൽ നിന്നുള്ള സഹായം നൽകുമെന്ന് സുഖ്വീന്ദർ പറഞ്ഞു.
ഇക്കാലയളവിൽ 3,500 വീടുകൾ പൂർണമായും 13,000 വീടുകൾ ഭാഗികമായും തകർന്നതായും സേവനങ്ങൾ താത്കാലികമായി പുനഃസ്ഥാപിക്കാൻ തന്റെ സർക്കാർ ഇതുവരെ 1,850 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും 1,051 കോടി രൂപ ഉടൻ അനുവദിക്കുമെന്നും സുഖ്വീന്ദർ സിംഗ് കൂട്ടിച്ചേർത്തു.