ചുരുളഴിയാതെ ചുരത്തിലെ മൃതദേഹം; ഇരുട്ടിൽ തപ്പി പോലീസ്
Saturday, September 30, 2023 9:54 PM IST
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാതെ പോലീസ് സംഘം.
നിലവിൽ, കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ 18നാണ് മൃതദേഹം കണ്ടെത്തിയത്. കേരളം കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. എന്നാൽ, കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല.
സിസിടിവി കേന്ദ്രീകരിച്ച അന്വേഷണവും കണ്ടു എന്ന് പറയപ്പെടുന്ന വ്യജ നമ്പർ പതിപ്പിച്ച ഇന്നോവ കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനമേഖല ആയതുകൊണ്ട് തന്നെ മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണം കൃത്യമായ ഒരു ഫോൺ നമ്പറിലേക്കും എത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രം, തലമുടി, മൃതദേഹം കൊണ്ടുവന്ന ട്രോളി ബാഗ് ഉൾപ്പടെയുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പോലീസിന് അടുത്തഘട്ട അന്വേഷണത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു.
മരണപ്പെട്ടത് ആരെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതി കണ്ടെത്താൻ കഴിയൂ എന്നതും പോലീസിനെ വെട്ടിലാക്കുന്നു. മൃതദേഹം കണ്ടെത്തി 10 ദിവസം പിന്നിടുമ്പോഴും യാതൊരു സൂചനകളും ലഭിക്കാത്തത് അന്വേഷണ പുരോഗതിയെ ബാധിച്ചിരിക്കുകയാണ്.