ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ വിവാദം; സിസിടിവി ദൃശ്യങ്ങളിൽ ഹരിദാസും ബാസിതും മാത്രം
വെബ് ഡെസ്ക്
Saturday, September 30, 2023 8:05 PM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ വിവാദം സംബന്ധിച്ച കേസിൽ വഴിത്തിരിവ്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണം കൈമാറുന്നത് ദൃശ്യങ്ങളിലില്ലെന്ന് പോലീസ് വ്യക്തമാക്കി.
ദൃശ്യങ്ങളിൽ ഹരിദാസും ബാസിതും മാത്രമാണുള്ളത്. ഇരുവരും സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നത് ദൃശ്യങ്ങളിലുണ്ടെങ്കിലും ഇതിൽ അഖിൽ മാത്യുവിനെ കാണുന്നില്ല. ഒരു മണിക്കൂറോളം ഹരിദാസും ബാസിതും സംസാരിക്കുന്നത് ഈ ദൃശ്യങ്ങളിലുണ്ട്.
ഇതോടെ വിവാദം ആരംഭിച്ചപ്പോഴുള്ള വെളിപ്പെടുത്തലുകളുമായി പൊരുത്തപ്പെടാത്ത വസ്തുതകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കന്‍റോൺമെന്‍റ് പോലീസ് കത്ത് നൽകിയിരുന്നു.
സിസിടിവി പരിശോധനാ ഫലം വന്നിട്ടും പോലീസിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുകയാണെന്ന് പരാതിക്കാരനായ ഹരിദാസ് പറയുന്നു. അഖിൽ മാത്യു തന്നെയാണ് പണം വാങ്ങിയത് എന്നതിൽ ഉറച്ച് നിൽക്കുകയാണ് ഹരിദാസ്.
മൊഴി നൽകിയപ്പോൾ ഹരിദാസൻ ഫോൺ രേഖകളടക്കമുള്ള തെളിവുകൾ കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി. ഫോണിൽ അഖിൽ മാത്യുവിന്‍റെ ചിത്രം കാണിച്ചും പോലീസ് മൊഴി എടുത്തു. ഹരിദാസന്‍റെ മൊഴിയെടുപ്പ് എട്ടേമുക്കാൽ മണിക്കൂറോളം നീണ്ടിരുന്നു.