വാക്കില്‍ തൂങ്ങിക്കളിക്കുന്നത് ഫാസിസ്റ്റ് തന്ത്രം; "സാധനം' പിന്‍വലിക്കുന്നുവെന്ന് കെ.എം. ഷാജി
Saturday, September 30, 2023 6:17 PM IST
ദമാം: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. പ്രസംഗത്തിനിടെ 'സാധനം' എന്നാണ് ഷാജി വീണാ ജോര്‍ജിനെ വിശേഷിപ്പിച്ചത്. ഇത് വിവാദമാവുകയായിരുന്നു.
സാധനം എന്നത് മലബാറില്‍ സര്‍വസാധാരണമായി ഉപയോഗിച്ചു വരുന്ന ഭാഷയാണെന്നും ഒരാളുടെയും മനസിന് വിഷമമുണ്ടാക്കുന്ന തരത്തിലുള്ള പ്രയോഗം നടത്താന്‍ പാടില്ലെന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും ഷാജി പറഞ്ഞു.
സാധനം എന്ന വാക്ക് പിന്‍വലിക്കുന്നുവെന്നും എന്നാല്‍ ആരോഗ്യമന്ത്രിയ്ക്ക് അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഷാജി വ്യക്തമാക്കി. ദമാമില്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വാക്കില്‍ തൂങ്ങിക്കളിക്കുക എന്നത് ഫാസിസ്റ്റ് തന്ത്രമാണ്. സാധാരണ മലബാറില്‍ വല്ലാത്തൊരു സാധനാട്ടോ, ഓഹ് ഒനേതാ സാധനം എന്നറിയോ എന്നൊക്കെ പ്രയോഗിക്കും. ഒരു ജീവല്‍ ഭാഷയാണത്. ആ ഭാഷ ഞാന്‍ പ്രയോഗിച്ചു. ഞാന്‍ ഈ വാക്ക് പ്രയോഗിക്കുമ്പോള്‍, അതില്‍ അവര്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു, ഞാന്‍ ഉദ്ദേശിച്ചത് ഒരിക്കലും അവരെ ഒരു പൊടിപോലും ഡീഗ്രേഡ് ചെയ്യാനല്ല. അങ്ങനെ പറയേണ്ട കാര്യമില്ലല്ലോ, അതൊരു സ്ത്രീയായതുകൊണ്ടൊന്നുമല്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ ഇക്വാലിറ്റി, ജെന്‍ഡര്‍ ജസ്റ്റിസ്, ആണുങ്ങളും പെണ്ണുങ്ങളും ഒരേ പോലെയാണ്... പിന്നെന്തിനാണ് ആണുങ്ങള്‍ക്ക് വേറൊരു ഭാഷയും പെണ്ണുങ്ങള്‍ക്ക് വേറൊരു ഭാഷയും?', കെ.എം. ഷാജി ചോദിച്ചു.
ദമാമിലെ പ്രസംഗത്തോടെ സാധനം എന്ന വാക്ക് പിന്‍വലിക്കുന്നതായി പറഞ്ഞ ഷാജി കേരളത്തിലെ ആരോഗ്യമന്ത്രിക്ക് സത്യത്തില്‍ ആ വകുപ്പിനെക്കുറിച്ച് അന്തവുമില്ല, കുന്തവുമില്ല എന്ന് ആവർത്തിക്കുകയും ചെയ്തു.