"ഇന്ത്യ'യ്ക്ക് ഭരണം കിട്ടിയാലുടൻ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി
Saturday, September 30, 2023 3:50 PM IST
ഭോപാൽ: "ഇന്ത്യ' മുന്നണിക്ക് ഭരണം ലഭിച്ചാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുന്നണിക്ക് ഭരണം ലഭിച്ചാൽ ആദ്യം കൈക്കൊള്ളുന്ന തീരുമാനം ഇതായിരിക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.
മധ്യപ്രദേശിലെ ഷാജാപുർ മേഖലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
രാജ്യത്തെ ഒബിസി വിഭാഗക്കാരുടെ യഥാർഥ എണ്ണം അറിയില്ലെന്നും ഇത് വ്യക്തമാകാൻ ജാതി സെൻസസ് അനിവാര്യമാണെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ഭരണചക്രം തിരിക്കുന്നത് കാബിനറ്റ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള 90 ഉദ്യോഗസ്ഥരും ആർഎസ്എസ് നേതൃത്വവും ചേർന്നാണ്. മന്ത്രിമാർക്കും എംഎൽഎമാർക്കും ഭരണനിർവഹണത്തിൽ യാതൊരു പങ്കുമില്ല.
രാജ്യത്തെ നിയമനിർമാണം നടത്തുന്നത് ജനപ്രതിനിധികളല്ല ആർഎസ്എസ് ആണെന്നും രാഹുൽ കൂട്ടിച്ചേർത്തു.