"പ്രശ്നബാധിത പ്രദേശ്'; മധ്യപ്രദേശ് ബിജെപിയിൽ കലഹം രൂക്ഷം, നേതൃത്വത്തിന് ആശങ്ക
Saturday, September 30, 2023 3:14 PM IST
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബിജെപി. നഗാഡ, ചച്ചൗര, ഷിയാബുള്, സത്ന, മൈഹാര്‍, സിദ്ദി ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് ആഭ്യന്തരകലഹം രൂക്ഷമായിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അടുപ്പക്കാരും ബിജെപി നേതാക്കളും തമ്മില്‍ അസ്വാരസ്യവും ശക്തമാണ്. സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തിയപ്പോൾ മുതൽ ബിജെപിയിൽ അതൃപ്തർ തലപൊക്കിയിരുന്നു. തർക്കം രൂക്ഷമായതിനാൽ സിന്ധ്യയ്ക്കൊപ്പം വന്ന പല അടുപ്പക്കാരും കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തു.
ജ്യോതിരാദിത്യ സിന്ധ്യയുടെ കുടുംബാംഗവും നിലവിൽ ബിജെപി മന്ത്രിസഭയിൽ അംഗവുമായ യശോദര രാജ് സിന്ധ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ആരോഗ്യ കാരണങ്ങളാണവര് ചുണ്ടിക്കാട്ടുന്നത്.
കളം അനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി കേന്ദ്രനേതൃത്വം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് പാർട്ടിയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.
സ്ഥാനാർഥികളാകാൻ മോഹിച്ച സംസ്ഥാന നേതാക്കളിൽ പലരും കേന്ദ്രമന്ത്രിമാരും എംപിമാരും മത്സരരംഗത്ത് വന്നതിൽ കടുത്ത അതൃപ്തരാണ്. മൂന്നു കേന്ദ്രമന്ത്രിമാരും നാല് എംപിമാരും ഒരു ദേശീയ ജനറല്‍സെക്രട്ടറിയും മധ്യപ്രദേശിലെ ആദ്യഘട്ട ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരെയും എംപിമാരെയും കളത്തിലിറക്കിയാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ഇതാണ് മധ്യപ്രദേശ് ബിജെപിയിൽ തർക്കം രൂക്ഷമാക്കിയിരിക്കുന്നതും.
ഗോത്രവിഭാഗക്കാരന്റെ മേല്‍ അനുയായി മൂത്രമൊഴിച്ച സംഭവത്തില്‍ സീറ്റ് നഷ്ടപ്പെട്ട എംഎല്‍എ കേദാര്‍നാഥ് ശുക്ല തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചുകഴിഞ്ഞു.
അതിനിടെ, ശനിയാഴ്ച തുടങ്ങാനിരുന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗം ഞായറാഴ്ചത്തേക്ക് മാത്രമാക്കി ചുരുക്കി. അതൃപ്തി മുതലെടുക്കാന്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക കൂടി പഠിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ് നീക്കം.