എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ജിഹാദി പ്രവര്‍ത്തനം; പ്രതി കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയപ്പെടാതിരിക്കാനെന്ന് കുറ്റപത്രം
Saturday, September 30, 2023 3:04 PM IST
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തിന് പിന്നില്‍ അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മാത്രമാണുള്ളതെന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
എലത്തൂരില്‍ നടന്നത് ജിഹാദി പ്രവര്‍ത്തനമാണ്. ഭീകര പ്രവര്‍ത്തനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്. തനിക്ക് പരിചയമല്ലാത്ത, തന്നെ ആര്‍ക്കും പരിചയമില്ലാത്ത സ്ഥലം ആയതിനാലാണ് ആക്രമണത്തിന് കേരളം തെഞ്ഞെടുത്തതെന്ന് പ്രതി മൊഴി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്.
കേരളം പരിചയമില്ലാത്ത സ്ഥലമായതിനാല്‍ ഒരിക്കലും തിരിച്ചറിയില്ലെന്ന് കരുതി. ആക്രമണം നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരികെ മടങ്ങാനായിരുന്നു പദ്ധതി. തീയിടാന്‍ ആവശ്യമായ പെട്രോളും ലൈറ്ററും വാങ്ങിയത് ഷൊര്‍ണൂരില്‍നിന്നാണ്.
ചില ഓണ്‍ലൈന്‍ പേജുകള്‍ വഴിയാണ് ഇയാള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായത്. പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള തീവ്ര ഇസ്ലാമിക സ്വഭാവമുള്ള ചില പ്രാസംഗികരുടെ പ്രസംഗങ്ങളും ഇയാള്‍ പതിവായി ശ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
2023 ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരില്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ബോഗിയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ട്രെയിനില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര് മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.